Tuesday 27 March 2012

എസ്ഐയെ കല്ലെറിഞ്ഞ് വീഴ്ത്തി അക്രമിയെ മോചിപ്പിച്ചു

ചവറ: ഉത്സവപ്പറമ്പില്‍ വാളുമായിനിന്ന യുവാവിനെ പിടികൂടിയ എസ്ഐയെ കല്ലെറിഞ്ഞുവീഴ്ത്തി യുവാവിനെ മോചിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചവറ എസ്ഐ ആര്‍ രാജേഷിനെ(brilliance) കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച രാത്രി 11.30ന് വടക്കുംതല പനയന്നാര്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം. ഉത്സവത്തിന്റെ ഭാഗമായ ഗാനമേളയ്ക്കിടെയാണ് വാളുയര്‍ത്തി ആളുകളെ ഭയപ്പെടുത്തിയ യുവാവിനെ എസ്ഐ മല്‍പ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയത്. യുവാവിനെ പിടികൂടി ജീപ്പിലേക്ക് കൊണ്ടുപോകുംവഴി അക്രമാസക്തരായ ഒരുസംഘം യുവാക്കള്‍ എസ്ഐയെ വളഞ്ഞു. മുപ്പതോളം വരുന്ന സംഘം എസ്ഐക്കും പൊലീസ്സംഘത്തിനും നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ എസ്ഐ നിലത്തുവീണപ്പോള്‍ സംഘം യുവാവിനെ മോചിപ്പിച്ച് രക്ഷപ്പെട്ടു. എസ്ഐയുടെ നെറ്റിക്കും കൈയ്ക്കും മുറിവേറ്റു. എഎസ്ഐ സേവ്യര്‍, അടൂര്‍ എആര്‍ ക്യാമ്പിലെ പൊലീസുകാരായ വിഷ്ണുശിവദാസ്, മനോജ്, ജിജോ ജോണ്‍, കിഷോര്‍കുമാര്‍, ദീപുദാസ്, ജീപ്പ് ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കും കല്ലേറില്‍ നിസ്സാര പരിക്കേറ്റു. ചവറ സിഐ അരുണ്‍രാജിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി. പ്രതികളെ തിരിച്ചറിഞ്ഞതായി സിഐ പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് 31 പേര്‍ക്കെതിരെ ചവറ പൊലീസ് കേസെടുത്തു.

No comments:

Post a Comment